പ്രായത്തിനപ്പുറമുള്ള കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് റെക്കോർഡുകൾ നേടുന്നവർ നിരവധിയാണ്. അക്കൂട്ടത്തിൽ വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരാളെയാണ് നാം പരിചയപ്പെടാൻ പോകുന്നത്. വെറും രണ്ടര വയസ് മാത്രമാണ് പ്രായമെങ്കിലും 275 ഇനങ്ങൾ തിരിച്ചറിഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷാർജയിൽ ഒരു ബാലൻ.
അഹദ് അയാൻ എന്ന കൊച്ചുമിടുക്കനാണ് തന്റെ ചെറിയ പ്രായത്തിൽ തന്നെ രണ്ട് റെക്കോഡുകൾ സ്വന്തമാക്കിയത്. 15 വിഭാഗങ്ങളിലായി വൈവിധ്യമാർന്ന 275 ഇനങ്ങൾ വേഗത്തിൽ തിരിച്ചറിയാനുള്ള കഴിവാണ് അഹദിനെ അംഗീകാരത്തിന് അർഹനാക്കിയത്. വെറും ആറ് മിനിറ്റ് 25 സെക്കൻഡിനുള്ളിലാണ് ഇവ തിരിച്ചറിഞ്ഞത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവിധ ശാസ്ത്രനാമങ്ങൾ, ഇന്ത്യൻ പ്രധാനമന്ത്രിമാർ, വിവിധ ദേശീയപതാകകൾ, ജ്യാമിതീയരൂപങ്ങൾ, മൃഗങ്ങൾ, ശരീര അവയവങ്ങൾ തുടങ്ങിയവയാണ് അഹദ് തിരിച്ചറിഞ്ഞ്.
ആദ്യം ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടിയ അഹദ് പിന്നീട് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്‌സിലും തന്റെ പേര് എഴുതിച്ചേർക്കുകയായിരുന്നു. ഒരു വയസ് മുതലാണ് മകൻ്റെ വ്യത്യസ്ത കഴിവുകൾ തിരിച്ചറിഞ്ഞുതുടങ്ങിയതെന്ന് അബുദാബി ഇസ്‌ലാമിക് ബാങ്കിൻ്റെ ദുബായ് ശാഖയിൽ ജോലിചെയ്യുന്ന പിതാവ് റുനീഷും മാതാവ് സുഹൈലയും പറഞ്ഞു. തുടർന്ന് മകന്റെ കഴിവുകൾ വളർത്താനുള്ള പരിശീലനവും ഇരുവരും നല്‌കിത്തുടങ്ങി. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശികളായ കുടുംബം ഇപ്പോൾ ഷാർജയിലാണ് താമസം. മകന് ലഭിച്ച അപൂർവ്വ നേട്ടങ്ങളിൽ അഭിമാനിക്കുകയാണ് ഈ മാതാപിതാക്കൾ.