സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ ഡിസംബർ 8-ന് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒമ്പത് മണിക്കൂറാണ് ഗതാഗത നിയന്ത്രണം നീണ്ടുനിൽക്കുകയെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ദിശയിൽ ഉം ലഖ്ബ ഇന്റർചേഞ്ച് അണ്ടർപാസ് മുതൽ താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസ് വരെയുള്ള മേഖലയിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.
പുലർച്ചെ ഒരു മണി മുതൽ രാവിലെ 10 മണി വരെയാണ് സബാഹ് അൽ അഹ്‌മദ് കോറിഡോറിലെ ഗതാഗത നിയന്ത്രണം. എന്നാൽ സർവീസ് റോഡുകൾ, താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്നൽ എന്നിവിടങ്ങളിൽ ഗതാഗതം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അൽ ഷമാലിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഉം ലഖ്ബ ഇന്റർചേഞ്ച് ഫ്ലൈഓവറും താത്കാലികമായി അടച്ചിടും.
ദോഹയിൽ നിന്ന് സബാഹ് അൽ അഹ്‌മദ് കോറിഡോറിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഉം ലഖ്ബ ഇന്റർചേഞ്ച് സർവീസ് റോഡുകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. അൽ ഷമാൽ, അൽ മർഖിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ദുഹൈൽ ഇന്റർചേഞ്ച് വഴി സബാഹ് അൽ അഹ്‌മദ് കോറിഡോറിലെ വിവിധ സ്ഥലങ്ങളിലേയ്ക്കും എത്തിച്ചേരാൻ സാധിക്കും.