യുഎഇയുടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ച വർഷമാണ് 2024. അപ്രതീക്ഷിതമായി ലഭിച്ച മഴയും ആലിപ്പഴ വർഷവുമെല്ലാം നിരവധി നാശനഷ്ടങ്ങളാണ് രാജ്യത്ത് വിതച്ചത്. ഇപ്പോൾ മറ്റൊരു പ്രതിഭാസം കൂടിയാണ് യുഎഇയിൽ സംഭവിക്കുന്നത്. അതാണ് ഏർലി സമ്മർ സോൾസ്റ്റൈ. അതായത് താരതമ്യേന പകലിന് ദൈർഘ്യം കൂടുന്ന ദിവസം. ഇന്നാണ് ആ ദിനം. ഇന്ന് രാജ്യത്ത് പകൽ സമയം 13 മണിക്കൂറും 48 മിനിറ്റുമായിരിക്കും.
ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും 1796-ന് ശേഷമുള്ള ഏർലി സമ്മർ സോൾസ്റ്റൈ ആണിന്ന്. ആകാശത്ത് നടക്കുന്ന ശാസ്ത്ര പ്രതിഭാസം മൂലമാണ് പകലിന് നീളമേറുന്നത്. സമ്മർ സോൾസ്റ്റൈ സമയത്ത് സൂര്യൻ അതിൻ്റെ വടക്കേ അറ്റത്തുള്ള കാൻസർ ട്രോപ്പിക്കിൽ നേരെ മുകളിലായിരിക്കുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അധികൃതർ വ്യക്തമാക്കിയത്.
യുഎഇയുടെ തെക്കൻ പ്രദേശങ്ങൾ പോലുള്ള സൂര്യന് നേരിട്ട് താഴെ വരുന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് നിഴൽ ഉണ്ടാകില്ല. ഉച്ചസമയത്തെ നിഴലുകൾ അറേബ്യൻ ഉപദ്വീപിലുടനീളം വളരെ ചെറുതുമായിരിക്കും. ഏറ്റവും ചെറിയ നിഴൽ എന്നത് വടക്കൻ അർദ്ധഗോളത്തിലുടനീളം സംഭവിക്കുന്നതായിരിക്കും. ഇന്ന് പകൽ സമയത്ത് താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 26 മുതൽ 29 ഡിഗ്രി സെൽഷ്യസും ആയിരിക്കുകയും ചെയ്യും. പൊതുവെ ഇന്ന് വരണ്ട അവസ്ഥയും സജീവമായ കാറ്റും ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.