കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ ആരംഭിക്കാനൊരുങ്ങുന്നു. നവംബർ 15 മുതലാണ് ജനങ്ങൾക്ക് മരുഭൂമിയിൽ തമ്പടിച്ച് പാർക്കാൻ സാധിക്കുക. മാർച്ച് 15 വരെയാണ് ശൈത്യകാല തമ്പുകളുടെ സീസൺ നീണ്ടുനിൽക്കുന്നത്.
മുൻസിപ്പാലിറ്റി അനുവദിച്ച മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതിയുള്ളത്. മന്ത്രാലയങ്ങൾ, ഗവൺമെൻ്റ് ഏജൻസികൾ, സ്വകാര്യ കമ്പനികൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ എന്നിവർക്ക് സ്പ്രിംഗ് ക്യാമ്പുകൾ നടത്താൻ അനുവാദമുണ്ട്. ക്യാമ്പിംഗ് നിയമങ്ങൾ ലംഘിക്കുകയോ അനുമതിയില്ലാതെ ശൈത്യകാല ക്യാമ്പുകൾ സ്ഥാപിക്കുകയോ ചെയ്യുന്നവർക്ക് 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തും.
സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കും റസ്റ്റോറന്റ്, കഫേ മേഖലകളിലെ കമ്പനികൾക്കും ക്യാമ്പിംഗ് ഏരിയയിൽ പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കാൻ സാധിക്കും.