ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുഎഇയിൽ ആഘോഷങ്ങളെല്ലാം ആരംഭിച്ചിരിക്കുകയാണ്. ആകാശത്ത് വിരിയുന്ന കരിമരുന്ന് പ്രകടനങ്ങൾ തന്നെയാകും പെരുന്നാളിന്റെ പ്രധാനപ്പെട്ട ആഘോഷം. ഈ അവസരത്തിൽ രാജ്യത്ത് ലൈസൻസില്ലാതെ പടക്കങ്ങൾ വില്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് അധികൃതർ.
യുഎഇയിൽ ലൈസൻസില്ലാതെ പടക്കങ്ങൾ വ്യാപാരം ചെയ്യുന്നവർക്ക് 1,00,000 ദിർഹത്തിൽ കുറയാത്ത പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവുമാണ് ശിക്ഷയായി ലഭിക്കുക. ലൈസൻസില്ലാതെ പടക്കങ്ങൾ വില്പന നടത്തുന്ന ചെറുകിട വ്യാപാരികൾക്ക് പുറമെ രാജ്യത്തേയ്ക്ക് പടക്കങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്കും കയറ്റുമതി ചെയ്യുന്നവർക്കും നിർമ്മിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ്റെ ക്രിമിനൽ ഇൻഫർമേഷൻ സെൻ്റർ മുന്നറിയിപ്പ് നൽകിയത്.
ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനങ്ങൾക്കിടയിൽ രാജ്യത്തെ നിയമത്തേക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികളും നടത്തിവരികയാണ്.