യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ജാഗ്രതാ നിർദേശവുമായി അധികൃതർ. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ രാവിലെ മുതൽ കനത്ത മൂടൽമഞ്ഞാണ് വ്യാപിച്ചിരിക്കുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രം യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ്, അൽ മിൻഹാദ്, ജബൽ അലി, അൽ ഫഖ, എക്‌സ്‌പോ തുടങ്ങിയ പ്രദേശങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമായിരിക്കുന്നത്. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ അബുദാബിയിലെ ചില റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി അധികൃതർ കുറച്ചിട്ടുണ്ട്. സ്വീഹാൻ റോഡ് (സ്വീഹാൻ – അൽ ഫയ പാലം), അൽ താഫ് റോഡ് (സ്വീഹാൻ – അൽ അജ്ബാൻ), മുഹമ്മദ് ബിൻ റാഷിദ് റോഡ് (കിസാദ് – സെയ്ഹ് ഷുഐബ്), മക്തൂം ബിൻ റാഷിദ് റോഡ് (അൽ സ്മീഹ് – സെയ്ഹ് ഷുഐബ്) എന്നിവിടങ്ങളിലാണ് വേഗപരിധി കുറച്ചത്.
വാഹനയാത്രക്കാർ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിക്കനുസരിച്ച് വാഹനം ഓടിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്തിൻ്റെ തെക്കൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്. അതിനാൽ വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ പർവ്വതപ്രദേശങ്ങളിൽ ഇന്ന് താപനില 11 ഡിഗ്രി സെൽഷ്യസായി കുറയുകയും ആന്തരിക പ്രദേശങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും.