യുഎഇയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെ ഒരു കുടക്കീഴിൽ അവതരിപ്പിച്ച് ടൂറിസം വകുപ്പ്. ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ പ്രധാന ഔട്ട്ഡോർ വിസ്മയക്കാഴ്ചകൾ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ യുഎഇയിലേയ്ക്ക് ആകർഷിക്കുന്നതിനും അതുവഴി ആഭ്യന്തര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് വെബ്സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. https://worldscoolestwinter.ae/ എന്ന വെബ്സൈറ്റാണ് സഞ്ചാരികൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്ക് ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ ഈ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
'World’s Coolest Winter' campaign’s website highlights outdoor attractions of UAE#WamNews https://t.co/c1zlf329dc pic.twitter.com/czP5nfS9bb
— WAM English (@WAMNEWS_ENG) January 29, 2024
യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പ്രശസ്തമായ ബസാറുകൾ, സൈക്കിൾ പാതകൾ, വിവിധ ദ്വീപുകൾ, ബീച്ചുകൾ, ഹെറിറ്റേജ് ഇടങ്ങൾ, ഹൈക്കിങ്ങ് പാതകൾ, ക്യാമ്പിംഗ് ഇടങ്ങൾ, കുട്ടികൾക്ക് മികച്ച ആസ്വാദനം ഉറപ്പ് വരുത്തുന്ന സ്ഥലങ്ങൾ തുടങ്ങി 290-ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങളാണ് ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.