ദുബായിൽ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ലോകനേതാക്കൾ ഒത്തുചേരുന്ന സമ്മേളനത്തിൽ ജോ ബൈഡൻ്റെ അഭാവം ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
ഉച്ചകോടിയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നുണ്ടെങ്കിലും ദേശീയ, രാജ്യാന്തര വിഷയങ്ങളിൽ നിർണായക ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ അമേരിക്കൻ പ്രസിഡന്റിന് പങ്കെടുക്കാനാവില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ജനുവരിയിൽ ആരംഭിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും രാജ്യത്ത് ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരം. 2021-ൽ അധികാരമേറ്റതിന് ശേഷം സംഘടിപ്പിച്ച രണ്ട് കാലാവസ്ഥാ ഉച്ചകോടികളിലും ജോ ബൈഡൻ പങ്കെടുത്തിരുന്നു.
എന്നാൽ, ഫ്രാൻസിസ് മാർപ്പാപ്പയും ചാൾസ് രാജാവും ഉൾപ്പെടെയുള്ള ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുക. 1995-ൽ ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകത്ത് നിലനിൽക്കുന്ന എല്ലാ മേഖലകളും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന വേദിയാണ്.