സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ അംബാസിഡറെ വിളിച്ചുവരുത്തി യുഎഇ പ്രതിഷേധം അറിയിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് സ്വീഡിഷ് അംബാസഡർ ലൈസലോട്ട് ആൻഡേഴ്സനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് സർക്കാറിന്റെ നടപടിയെ യുഎഇ അപലപിച്ചു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിലാണ് ചിലരുടെ നേതൃത്വത്തിൽ ഖുർആന്റെ കോപ്പികൾ കത്തിച്ചത്.
സാമൂഹിക മൂല്യങ്ങൾക്ക് വില കല്പിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങളിൽ നിന്ന് പിറകോട്ടുപോവുകയാണെന്ന് യുഎഇ കുറ്റപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹീനകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യരുത്. വിദ്വേഷ പ്രചാരണത്തെയും വംശീയതയെയും ശക്തമായി നേരിടണമെന്നും ലോകവ്യാപകമായി സംഘർഷങ്ങൾ ഉണ്ടാക്കാനും ഏറ്റുമുട്ടലുകൾ ആവർത്തിക്കുന്നതിനും മാത്രമേ ഇത്തരം വിദ്വേഷപ്രചാരണങ്ങൾ സഹായിക്കൂവെന്നും യുഎഇ പറഞ്ഞു.