മൂന്ന് ദിവസങ്ങളിലായി വനിതാ ഹജ്ജ് തീർത്ഥാടകർക്കായി സംസ്ഥാനം ഒരുക്കിയത് 11 വിമാനങ്ങൾ. വ്യാഴാഴ്ച വൈകിട്ട് മുതലാണ് വനിതകൾക്ക് മാത്രമായുള്ള പ്രത്യേക വിമാനങ്ങൾ കേരളത്തിൽ നിന്നും പറന്നുതുടങ്ങിയത്. കണ്ണൂരിൽനിന്ന് വനിതകൾക്കായുള്ള അവസാന വിമാനം നാളെയും കരിപ്പൂരിൽ നിന്ന് ജൂൺ 17നും പുറപ്പെടും.
ഇന്ന് കരിപ്പൂരിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും വനിത തീർത്ഥാടകർക്കായി ഷെഡ്യൂൾ ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം കരിപ്പൂർ ഹജ്ജ് ക്യാമ്പിലേക്ക് ഇന്ന് മുതൽ പുരുഷ തീർത്ഥാടകർ എത്തിത്തുടങ്ങി. നാളെ രാവിലെയും വൈകിട്ടുമായി പുറപ്പെടാനുള്ള തീർത്ഥാടകരാണ് രാവിലെയും ഉച്ചയ്ക്കുമായി ക്യാമ്പിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതൽ ഇന്ന് വരെ 11 വിമാനങ്ങൾ വനിത തീർത്ഥാടകർക്ക് മാത്രമായി ഷെഡ്യൂൾ ചെയ്തതിനാൽ ഈ ദിവസങ്ങളിൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ പുരുഷ തീർത്ഥാടകർ ഉണ്ടായിരുന്നില്ല.
17-ന് കരിപ്പൂരിൽനിന്ന് പുലർച്ച 4.20ന് പുറപ്പെടുന്ന വിമാനത്തിൽ മഹ്റം വിഭാഗത്തിൽ ഉൾപ്പെടാത്ത 1718 വനിത തീർത്ഥാടകരാണ് ഹജ്ജിന് പോവുക. കരിപ്പൂരിൽനിന്ന് നാളെ രാവിലെ 8.25ന് പുറപ്പെടുന്ന വിമാനത്തിൽ 76 പുരുഷന്മാരും 69 സ്ത്രീകളും വൈകീട്ട് 6.25ന് പുറപ്പെടുന്ന വിമാനത്തിൽ 67 പുരുഷന്മാരും 78 സ്ത്രീകളും ഹജ്ജിന് പുറപ്പെടും.