സ്വദേശിവൽക്കരണത്തിന്റെ ഫലമായി യുഎഇയിലെ സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാരുടെ എണ്ണം കുതിച്ചുയരുന്നു. നിലവിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 90,000 കടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 13,000 സ്വദേശികൾക്കാണ് യുഎഇയിൽ ജോലി ലഭിച്ചത്.
2021 സെപ്റ്റംബറിൽ സ്വദേശിവൽക്കരണ പദ്ധതി നടപ്പിലാക്കിയ ശേഷം 157 ശതമാനം എമിറാത്തികളുടെ എണ്ണമാണ് സ്വകാര്യ മേഖലയിൽ വർധിച്ചത്. ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്ന നിയമം നിലവിൽ വന്നതോടെ ഈ വർഷം സ്വദേശികളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് സൂചന. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജനുവരി മുതൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശം.
നിയമലംഘകരിൽ നിന്ന് 2025 ജനുവരിയിൽ 96,000 ദിർഹമാണ് പിഴയായി ഈടാക്കുക. 2025ൽ നിലവിലെ സ്വദേശി ജീവനക്കാരന് പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ വീഴ്‌ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടതായും വരും.