അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി നിർമ്മിച്ച ടെർമിനൽ എ നവംബർ ഒന്നിന് പ്രവർത്തനമാരംഭിക്കും. ഇതിന് മുന്നോടിയായി ഒക്ടോബർ 31ന് ഇത്തിഹാദ് എയർവേസ് ഉദ്ഘാടന പറക്കൽ നടത്തും. മൂന്ന് ഘട്ടങ്ങളിലായി രണ്ടാഴ്ചയ്ക്കുള്ളിലായിരിക്കും വിമാന കമ്പനികൾ പുതിയ ടെർമിനലിലേയ്ക്ക് പൂർണമായി മാറുക. 15 അന്താരാഷ്ട്ര വിമാനക്കമ്പനികൾ നവംബര്‍ ഒന്ന് മുതലും 28 വിമാനക്കമ്പനികൾ നവംബർ 14ഓടെയും ടെർമിനൽ എ-യിൽ നിന്ന് സർവീസ് നടത്തും.
7,42,000 ചതുരശ്ര മീറ്ററിലാണ് ടെർമിനൽ എ നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 11,000 യാത്രികരുടെ നീക്കത്തിന് സൗകര്യമൊരുക്കുന്ന ടെർമിനലിൽ പ്രതിവർഷം 45 ദശലക്ഷത്തിലേറെ യാത്രികരെ ഉൾക്കൊള്ളാൻ സാധിക്കും. 79 വിമാനങ്ങളുടെ സർവീസിനുള്ള സൗകര്യം എപ്പോഴും ടെർമിനലിൽ ഉണ്ടാകും. ടെർമിനൽ എയുടെ കാർ പാർക്കിങ് മേൽക്കൂരയിലെ സൗരോർജ പാനലുകൾ നിലവിൽ മൂന്നു മെഗാവാട്ട് സൗരോർജ നിലയം പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ വർഷം 5,300 ടണ്ണോളം കാർബൺഡയോക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാൻ സാധിക്കും.
പരസ്പരം ബന്ധിപ്പിച്ച ബയോമെട്രിക് സംവിധാനങ്ങൾ, സ്വയം സേവന കിയോസ്കുകൾ സുരക്ഷാ ചെക്പോയന്റുകൾ, ബാഗേജ് കൈകാര്യം ചെയ്യാനുള്ള സംവിധാനം, യാത്ര തുടങ്ങുന്നതിനുമുമ്പ് മുതൽ ബോർഡിങ് ഗേറ്റ് വരെയുള്ള ഡിജിറ്റലൈസ്ഡ് യാത്ര തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ടെർമിനലിൽ ഒരുക്കിയിരിക്കുന്നത്. ടെർമിനൽ എയ്ക്ക് ഇതിനോടകം അന്താരാഷ്ട്ര രൂപകൽപന പുരസ്കാരവും ലഭിച്ചു.