പുതുക്കിയ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 9ന് നടക്കും. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിധത്തിലാണ് ടെർമിനൽ എ ഉൾപ്പെട്ട വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.
പുതുക്കിയ വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം അബുദാബി രാജ്യാന്തര വിമാനത്താവളം സായിദ് രാജ്യാന്തര വിമാനത്താവളമായി അറിയപ്പെടും. പ്രതിവർഷം നാലര കോടി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഒരേ സമയം 79 വിമാനങ്ങൾക്ക് ഇവിടെ നിന്നും പറന്നുയരാനുള്ള സൗകര്യവുമുണ്ട്. മണിക്കൂറിൽ 11,000 യാത്രക്കാരെയാണ് ഉൾക്കൊള്ളാൻ സാധിക്കുക.
വിമാനത്താവളത്തിൽ പരിശോധകൾക്കായി ബയോമെട്രിക് സംവിധാനമുള്ളതിനാൽ യാത്രാനടപടികൾ വളരെ ലളിതമാണ്. ചില്ലറ വിൽപന കേന്ദ്രങ്ങൾക്കും ഭക്ഷണശാലകൾക്കുമായി 35,000 ചതുരശ്ര മീറ്റർ വിസ്തൃതി വിമാനത്താവളത്തിലുണ്ട്. 163 കൗണ്ടറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.