കേരളത്തിൽ നിന്ന് ആദ്യ വനിത ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനം സൗദിയിലെത്തി. മലപ്പുറത്ത് നിന്നും പുറപ്പെട്ട വിമാനം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല ഫ്ലാഗ് ഓഫ് ചെയ്തു. 145 വനിതാ തീർത്ഥാടകരുമായാണ് വിമാനം കരിപ്പൂരിൽ നിന്ന് പറന്നുയർന്നത്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിൽപ്പെട്ട വനിതാ യാത്രികർക്കായാണ് പ്രത്യേക വിമാനം സജ്ജമാക്കിയത്. ഇന്നലെ വൈകീട്ട് 6.45നാണ് വിമാനം സൗദിയിലേക്ക് പുറപ്പെട്ടത്. വനിതാ ഹജ്ജ് തീർത്ഥാടകരെ കൂടാതെ പൈലറ്റ്, കോ പൈലറ്റ്, ക്രൂ ഉൾപ്പെടെ വിമാനത്തിലെ മുഴുവൻ ജീവനക്കാരും വനിതകളായിരുന്നു. തീർത്ഥാടകരെ സ്വീകരിച്ചതും വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്റ്ലിങ് ജോലികൾ ചെയ്തതും വനിതാ ജീവനക്കാർ തന്നെയായിരുന്നു.
സംഘത്തിലെ ഏറ്റവും പ്രായം കൂടിയ തീർത്ഥാടകയായ 76 വയസുകാരി കോഴിക്കോട് സ്വദേശി സുലൈഖയ്ക്ക് കേന്ദ്ര സഹമന്ത്രി ബോർഡിങ് പാസ് നൽകി. കേരളത്തിൽ നിന്ന് 16 വിമാനങ്ങളാണ് വനിതാ തീർത്ഥാടകർക്കായി സജ്ജമാക്കിയിരിക്കുന്നത്. കരിപ്പൂരിൽനിന്ന് 12, കണ്ണൂരിൽ നിന്ന് 3, കൊച്ചിയിൽ നിന്ന് ഒരു വിമാനവുമാണ് സർവ്വീസ് നടത്തുക. ലേഡീസ് വിത്തൗട്ട് മെഹറം വിഭാഗത്തിൽ സംസ്ഥാനത്ത് നിന്ന് 2,733 തീർത്ഥാടകരാണുള്ളത്.