ഫുജൈറയിലെ ആദ്യത്തെ സ്മാർട്ട് സിറ്റിയുടെ പ്രവർത്തനം പൂർത്തിയായി. എമിറേറ്റിലെ അൽഹൈൽ മേഖലയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് എമിറേറ്റിലെ ആദ്യത്തെ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളാൽ സജ്ജീകരിച്ച സ്മാർട്ട് സിറ്റി നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരം പൂർണമായും ക്യാമറയുടെ നിരീക്ഷണത്തിലാണെന്ന് ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറ സംവിധാനം പൊലീസ് കമാൻഡിന്റെ ഓപറേഷൻ റൂമുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പ്രവേശന കവാടങ്ങളും നഗരത്തിനുള്ളിലെ റോഡുകളുമെല്ലാം വിപുലമായ ക്യാമറകൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി എമിറേറ്റിന്റെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എമിറേറ്റിലെ മറ്റു മേഖലകളിലേക്കും സ്മാർട്ട് സിറ്റി പദ്ധതി വ്യാപിപ്പിക്കുമെന്ന് പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
20 പൊതു പാർക്കുകളുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ 7,000ൽ അധികം ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന 1,100 വീടുകളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. വൈദ്യുതി ഉപഭോഗം ലാഭിക്കുന്നതിന് തെരുവുകളിലും പാർക്കുകളിലും എൽ.ഇ.ഡി സംവിധാനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. നൂതന സംവിധാനങ്ങളിലൂടെ എമിറേറ്റിന്റെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.