സൈക്ലിംഗ് ആരാധകർക്ക് ആവേശം പകർന്ന് യുഎഇ ടൂർ റോഡ് സൈക്ലിംഗ് ടൂർണമെന്റിന് ഇന്ന് തുടക്കം. വനിതാ വിഭാഗത്തിലെ ആദ്യഘട്ട മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ സൈക്കിളോട്ടക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ദുബായിൽ വെച്ചാണ് മത്സരത്തിന്റെ ആദ്യഘട്ടം നടക്കുക.
പശ്ചിമേഷ്യന് പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏക വേൾഡ് ടൂർ സൈക്കിളിംഗ് റേസാണിത്. ടൂർണമെന്റിലെ വനിതാ വിഭാഗം മത്സരങ്ങൾ നാല് ഘട്ടങ്ങളിലായും പുരുഷ വിഭാഗം മത്സരങ്ങൾ ഏഴ് ഘട്ടങ്ങളിലായുമാണ് നടത്തുന്നത്. ഇന്ന് മുതൽ ഫെബ്രുവരി 11 വരെ വനിതാവിഭാഗം മത്സരങ്ങളും 19 മുതൽ 25 വരെ പുരുഷ വിഭാഗം മത്സരങ്ങളും നടക്കും. 8ന് ദുബായ് മിറാക്കിൾ ഗാർഡൻ-ദുബായ് ഹാർബർ (22 കി.മീറ്റർ സ്പ്രിന്റ്), 9ന് അൽ മിർഫ–മദീനത് സായിദ് (113 കി.മീറ്റർ സ്പ്രിന്റ്), 10ന് അൽ ഐൻ പോലീസ് മ്യൂസിയം–ജെബേൽ ഹഫീത് (128 കി.മീറ്റർ ക്ലൈമ്പ്), 11ന് ലൂവർ അബുദാബി-അബുദാബി ബ്രേക്ക് വാട്ടർ (105 കി.മീറ്റർ സ്പ്രിന്റ്) എന്നിങ്ങനെയാണ് വനിതാ മത്സരങ്ങൾ നടക്കുക.
19ന് അൽ ദഫ്റ വാക്- മദീനത് സായിദ് – ലിവ പാലസ് (143 കി.മീറ്റർ സ്പ്രിന്റ്), 20ന് ഹുദയറിയത് ഐലൻഡ് (12.1 കി.മീറ്റർ ടൈം ട്രയൽ), 21ന് അൽ മാർജാൻ ഐലൻഡ് – ജെബേൽ ജൈസ് (176 കി.മീറ്റർ ക്ലൈമ്പ്), 22ന് ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ് – ദുബായ് ഹാർബർ (173 കി.മീറ്റർ സ്പ്രിന്റ്), 23ന് അൽ അഖ – ഉം അൽ കുവൈൻ (182 കി.മീറ്റർ സ്പ്രിന്റ്), 24ന് ലൂവർ അബുദാബി അബുദാബി ബ്രേക്ക് വാട്ടർ (138 കി.മീറ്റർ സ്പ്രിന്റ്), 25ന് ബൈത് മുഹമ്മദ് ബിൻ ഖലീഫ- അൽ ഐൻ – ജെബേൽ ഹഫീത് (161 കി.മീറ്റർ ക്ലൈമ്പ്) എന്നിങ്ങനെ പുരുഷ വിഭാഗം മത്സരവും സംഘടിപ്പിക്കും.