യുഎഇയിൽ താപനില ഉയരുന്നു. ഈ ആഴ്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വേനൽക്കാലം ആരംഭിക്കാൻ 2 ആഴ്ച ബാക്കിനിൽക്കെയാണ് താപനില ഇത്രയധികം ഉയർന്നുകൊണ്ടിരിക്കുന്നത്. ശക്തമായ ചൂടിനൊപ്പം യുഎഇയിൽ പൊടിക്കാറ്റും വീശുമെന്നാണ് വിലയിരുത്തൽ.
യുഎഇയിൽ മെയ് മുതലാണ് ചൂട് കൂടിത്തുടങ്ങിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ചൂട് ഏറ്റവും ശക്തമാകുന്നത്. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകുമെങ്കിലും ചിലയിടങ്ങളിൽ ഇതു 50 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച അബുദാബി സിലയിൽ താപനില 48 ഡിഗ്രിയായിരിക്കുമെന്നും സൂചിപ്പിച്ചു. കടുത്ത ചൂട് ഏൽക്കുന്ന ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകി.
ചൂട് ശക്തമാകുന്നതോടൊപ്പം പൊടി/ മണൽ കാറ്റ് വീശാനുള്ള സാധ്യതയും അധികൃതർ അറിയിച്ചിട്ടുണ്. പൊടിക്കാറ്റ് അടിക്കുമ്പോൾ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പരസ്പരം കാണാത്ത വിധം ദൃശ്യപരിധി കുറഞ്ഞാൽ വാഹനം റോഡിൽനിന്നും അൽപം മാറ്റി നിർത്തിയിടണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷമേ യാത്ര പുനരാരംഭിക്കാവൂ എന്നും മുന്നറിയിപ്പുണ്ട്.
കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ പുറം ജോലി തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎഇയിൽ ഉച്ച വിശ്രമം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് വിശ്രമം നൽകേണ്ടത്. ഉച്ച വിശ്രമ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.