അഞ്ച് ഘട്ടങ്ങളിലായി എഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന് സിറിയൻ സയാമീസ് ഇരട്ടകൾ. സയാമീസ് ഇരട്ടകളായ ബസ്സാമിന്റെയും ഇഹ്സാന്റെയും ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. റിയാദിൽ നാഷണൽ ഗാർഡിന് കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽബീയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
32 മാസം പ്രായമുള്ള കുട്ടികൾക്ക് 19 കിലോയായിരുന്നു ഭാരമുണ്ടായിരുന്നത്. കുട്ടികളുടെ നെഞ്ചിന്റെ അടിഭാഗവും വയറും കരളും കുടലുകളും ഒട്ടിച്ചേർന്ന നിലയിലായിരുന്നു. ഇതിൽ ഇഹ്സാന് വൃക്കകളും പ്രത്യുൽപാദന അവയവങ്ങളും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിൽ ജന്മനാ വൈകല്യവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ വളരെ ശ്രമകരമായിരുന്നു. അവയവങ്ങളിലെ കുറവ് കുട്ടിയുടെ ആയുസിനെ സാരമായി ബാധിക്കുമെന്നാണ് മെഡിക്കൽ സംഘം വിലയിരുത്തുന്നത്. എന്നാൽ ബസ്സാമിന്റെ അവസ്ഥ തൃപ്തികരമാണ്.
സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയക്കായി സൗദി അയച്ച എയർ ആംബുലൻസിൽ മെയ് 22-ന് തുർക്കിയിൽ നിന്ന് സയാമീസ് ഇരട്ടകളെയും മാതാപിതാക്കളെയും റിയാദിലെത്തിച്ചത്. ഇന്നലെ രാവിലെയാണ് കുട്ടികളെ വേർപെടുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്. കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും പാരാമെഡിക്കൽ സ്റ്റാഫും അടക്കം 26 അംഗ മെഡിക്കൽ സംഘം ശസ്ത്രക്രിയയിൽ പങ്കാളിത്തം വഹിച്ചു.