വയനാടിന് കൈത്താങ്ങാകാൻ ഒരുകൂട്ടം പ്രവാസികൾ. ഉരുൾപൊട്ടലിൽ ഭവനരഹിതരായവരുടെ പുനരധിവാസം ലക്ഷ്യമിട്ട് www.SupportWayanad.com എന്ന വെബ്സൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. ദുരന്തബാധിതർക്ക് താൽക്കാലികമായി താമസിക്കാൻ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ നൽകാൻ താൽപര്യമുള്ളവർക്ക് വീടുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ സാധിക്കും.
കേരളത്തിലെവിടെയുമുള്ള ആൾതാമസമില്ലാത്ത വീടുകൾ ഇത്തരത്തിൽ താമസിക്കാൻ നൽകാൻ സാധിക്കും. സർക്കാർ മുഖേനയാണ് ആവശ്യക്കാർക്ക് താമസിക്കാൻ വീട് നൽകുന്നത്. വീടുകൾ നൽകുമ്പോൾ പാലിക്കേണ്ട നടപടികളും പരിപാലന കരാറും വീടിന്റെ ഉടമകൾ വയ്ക്കുന്നത് സർക്കാരുമായിട്ടായിരിക്കും. ഇവർക്ക് പരസ്പരം ബന്ധപ്പെടാനുള്ള പ്ലാറ്റ്ഫോം മാത്രമായാണ് സപ്പോർട്ട് വയനാട് വെബ്സൈറ്റ് പ്രവർത്തിക്കുക.
ഭവനരഹിതർക്ക് താമസിക്കാൻ വീട് നൽകാൻ താൽപര്യമറിയിച്ച് നിരവധി പ്രവാസികൾ ബന്ധപ്പെട്ടതായും അവരുടെ സൗകര്യാർത്ഥമാണ് വെബ്സൈറ്റ് രൂപീകരിച്ചതെന്നും പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന എ.എസ്. ദീപു, മുനീർ അൽ വഫ, ഫൈസൽ മുഹമ്മദ്, അമൽ ഗിരീഷ് എന്നിവർ പറഞ്ഞു.