രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യുഎഇയിൽ വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേയ്ക്ക്. മധ്യവേനൽ അവധിക്കുശേഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേക്ക് പോകുന്നത്. വിദ്യാർത്ഥികളെ സ്വീകരിക്കാൻ അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ക്ലാസുകൾ അലങ്കരിച്ചും ചോക്കലേറ്റുകളും ബലൂണുകളും നൽകിയുമാണ് കുട്ടികളെ സ്വീകരിക്കുന്നത്.
പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളാണ് ഇന്ന് പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്. അതേസമയം, ഇന്ത്യൻ സിലബസ് സ്കൂളുകളിലെ അധ്യയനം ഏപ്രിലിൽ ആരംഭിച്ചിരുന്നു. ജൂലൈ ഒന്ന് മുതലാണ് യുഎഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിച്ചത്.
അബുദാബിയിൽ മാത്രം 6010 സ്കൂളുകളിലായി 1.81 ലക്ഷം വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളിലെത്തും. സ്കൂൾ തുറക്കുന്നതിനാൽ ഗതാഗത തിരക്ക് കണക്കിലെടുത്ത് പ്രത്യേക പട്രോളിങ് സംഘവും ഡ്യൂട്ടിയിലുണ്ട്. വിവിധ എമിറേറ്റുകളും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ പട്രോളിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.