എസ്.എസ്.എൽ.സി മികച്ച വിജയം നേടി യുഎഇയിലെ വിദ്യാർത്ഥികൾ. പരീക്ഷയെഴുതിയ 533 വിദ്യാർത്ഥികളിൽ 516 പേരും ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. 96.81 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 80 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമാണ് എസ്.എസ്.എൽ.സിക്ക് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്.
മൂന്ന് സ്കൂളുകൾക്ക് നൂറുമേനി വിജയം ലഭിച്ചു. അബുദാബി മോഡൽ സ്‌കൂൾ, ഫുജൈറ ഇന്ത്യൻ സ്‌കൂൾ, ഷാർജ ഇന്ത്യൻ മോഡൽ സ്‌കൂൾ എന്നീ സ്കൂളുകളിലാണ് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചത്. ഈ മാസം 15 വരെയാണ് വിദ്യാർത്ഥികൾക്ക് റീവാല്യുവേഷന് അപേക്ഷിക്കാനുള്ള അവസരമുണ്ടാകുക. 113 പേർ പരീക്ഷയെഴുതിയ അബുദാബി മോഡൽ സ്‌കൂളിൽ 36 വിദ്യാർത്ഥികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി.
ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ 17 വിദ്യാർത്ഥികളും, ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ 15 പേരും, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ 11 വിദ്യാർത്ഥികളും ഫുൾ എ പ്ലസ് കരസ്ഥമാക്കി. ഉമ്മുൽഖുവൈൻ ദി ഇംഗ്ലീഷ് സ്‌കൂളിൽ ഒരാൾ ഫുൾ എ പ്ലസ് നേടി. ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ എസ്.എസ്.എൽ.സി എഴുതിയ 20 പേർ വിദേശികളാണ്. 15 ബംഗ്ലാദേശികളും നാല് പാക്കിസ്ഥാനികളും ഒരു ഫിലിപ്പിനോയുമാണ്.