വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം യുഎഇ-ഖത്തർ നയതന്ത്ര ബന്ധം വീണ്ടും പുനഃസ്ഥാപിച്ചു. അതിന്റെ ഭാഗമായി ഖത്തറിലെ യുഎഇ സ്ഥാനപതിയായി ഷെയ്ഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷക്ബൂത്ത് അൽ നഹ്യാൻ സത്യപ്രതിജ്ഞ ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുമ്പാകെയാണ് ഷെയ്ഖ് സായിദ് ബിൻ ഖലീഫ സത്യപ്രതിജ്ഞ ചെയ്തത്.
ഡോ.സുൽത്താൻ സൽമാൻ സയീദ് അൽ മൻസൂരിയാണ് യുഎഇയിലെ ഖത്തർ സ്ഥാനപതി. 2017 ജൂൺ 5നാണ് ഖത്തറിനുമേൽ യുഎഇ, ബഹ്റൈൻ, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത്. 2021 ജനുവരി 5ന് സൗദിയിൽ നടന്ന ഗൾഫ് ഉച്ചകോടിയിൽ ഒപ്പുവച്ച അൽ ഉല കരാറിലൂടെ ഉപരോധം പിൻവലിച്ചെങ്കിലും ഇപ്പോഴാണ് നയതന്ത ബന്ധം പുന:സ്ഥാപിച്ചത്.
കരാറിന് തൊട്ടുപിന്നാലെ സൗദി, ഈജിപ്ത് രാജ്യങ്ങളുടെ എംബസികൾ ഖത്തറിൽ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. അടുത്തിടെയാണ് ഖത്തറും ബഹ്റൈനുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്. ഇരു രാജ്യങ്ങൾക്കിടയിൽ വ്യോമ ഗതാഗതം പുനരാരംഭിച്ചെങ്കിലും എംബസികൾ ഇനിയും തുറന്നിട്ടില്ല.