കുവൈത്ത് കിരീടാവകാശിയായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസബാഹ്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസബാഹ് ആണ് കുവൈത്ത് കിരീടാവകാശിയെ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കുവൈത്ത് ഭരണഘടന അനുസരിച്ച് 1896-നും 1915-നും ഇടയിൽ കുവൈത്ത് ഭരിച്ച ഷെയ്ഖ് മുബാറക് അൽ-കബീറിൻ്റെ പിൻഗാമികളിൽ നിന്നുള്ളവരായിരിക്കണം അമീറും കിരീടാവകാശിയും.
കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ഷെയ്ഖ് സബാഹ് അൽ ഖാലിദ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998-ൽ അവസാനിച്ച കുവൈത്ത് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ തലവനായി അദ്ദേഹം നിയമിതനായിരുന്നു. 2006 ജൂലൈയിൽ സാമൂഹ്യകാര്യ- തൊഴിൽ മന്ത്രിയായി അദ്ദേഹം ആദ്യമായി ചുമതലയേറ്റു. പിന്നീട് വാർത്താവിതരണ, നീതിന്യായ, ഇസ്ലാമിക കാര്യങ്ങളുടെ മന്ത്രിയായും നിയമിതനായിരുന്നു.
2011 മുതൽ 2019 വരെ ഷെയ്ഖ് സബാഹ് അൽ-ഖാലിദ് രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രിയായി സേവനം തുടർന്നു. ഷെയ്ഖ് ജാബർ അൽ മുബാറക് അൽ-ഹമദ് അൽ-സബാഹിന്റെ പിൻഗാമിയായി അദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയായി നിയമിതനായി. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഓഫർ നിരസിച്ചതോടെ 2022-ൽ ഗവൺമെൻ്റിൻ്റെ തലവനായ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. എന്നാൽ മുൻ പ്രധാനമന്ത്രി എന്ന നിലയിൽ സുപ്രധാന പരിപാടികളിൽ പങ്കെടുക്കുന്നത് തുടർന്നു.