കേരളവുമായി ഏറെക്കാലം നീണ്ടുനിന്ന ആത്മബന്ധമാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉണ്ടായിരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ മലയാളികളുമായും കേരളവുമായും ഉണ്ടായിരുന്ന ആത്മബന്ധം കൂടിയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
അറബ് മേഖലയിലേക്ക് ആളുകൾ കുടിയേറുന്ന കാലത്ത് രാജ്യത്തെ സ്വന്തം പൗരന്‍മാരെപ്പോലെ എല്ലാ രാജ്യത്തുനിന്നുളളവരേയും ഉൾക്കൊണ്ട ഭരണാധികാരിയാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രവാസികൾക്ക് മികച്ച തൊഴിലവസരവും ജീവത സാഹചര്യവും ഒരുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ശൈഖ് ഖലീഫ വഹിച്ചത്.
മലയാളികളായ പ്രവാസികൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നതിനും അദ്ദേഹം മനസ്സുവച്ചു. യുഎഇയിലെ മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും
പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
യുഎഇയും ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളവും തമ്മിൽ വളരെ അടുത്ത ഹൃദയബന്ധമാണ് സൂക്ഷിച്ചിരുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അനുഭാവപൂര്‍ണമായ സമീപനവും അദ്ദേഹം സ്വീകരിച്ചു. പ്രളയസമയത്തും കേരളത്തിനായി സഹായമെത്തിക്കാന്‍ ശൈഖ് ഖലീഫ സന്മനസ്സുകാട്ടി.
ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. എന്നും കേരളത്തിന്‍റെ സുഹൃത്തായി നിലകൊണ്ട ഭരണാധാകാരിയായിരുന്നെന്നും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.