കൊലക്കേസിലെ പ്രതിയെ വെറും 36 മണിക്കൂറിനുള്ളിൽ പിടികൂടി ഷാർജ പൊലീസ്. ഷാർജ ക്രിമിനൽ ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ആണ് മണിക്കൂറുകൾക്കകം ഏഷ്യക്കാരനായ പ്രതിയെ പിടികൂടിയത്. സെപ്റ്റംബർ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷാർജയിലെ വ്യാവസായിക മേഖലകളിലൊന്നിൽ ഒരു മൃതദേഹം കണ്ടെത്തിയതായി ഓപറേഷൻസ് വിഭാഗത്തിൽ റിപ്പോർട്ട് ലഭിച്ചതിനേത്തുടർന്നായിരുന്നു അന്വേഷണം ആരംഭിക്കുന്നത്.
സ്ഥലത്തെത്തിയ അധികൃതർക്ക് മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കുത്തിയാണ് കൊല നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണവും ആരംഭിച്ചു. കൊല്ലപ്പെട്ടയാളേയും കുറ്റവാളിയേയും തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾ പഴുതടച്ച അന്വേഷണമാണ് നടത്തിയത്. ഇതിന്റെ ഫലമായി 12 മണിക്കൂറിനുള്ളിൽത്തന്നെ കുറ്റവാളിയേക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചു.
കൊലയ്ക്ക് പുറമെ പ്രതി യുഎഇ താമസ – കുടിയേറ്റ നിയമം ലംഘിച്ചതായും ഷാർജ പോലീസ് കണ്ടെത്തി. തുടർന്ന് ദുബായ് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കേസിന്റെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.