സ്ത്രീകൾക്ക് മാത്രമായി ഒരു ബീച്ച് എന്ന സങ്കല്പം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് ഷാർജ. സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ സ്വകാര്യത നൽകുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അൽ ഹംറിയ, കൽബ, ഖോർഫുക്കാൻ എന്നീ മൂന്ന് ബീച്ചുകളിലാണ് സ്ത്രീകൾക്ക് ആസ്വാദിക്കാനും ഉല്ലസിക്കാനുമായി മാത്രം പ്രത്യേക സ്ഥലം ഒരുക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
അൽ മദ മരുഭൂമിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ മണൽ മൂടിയ ഗ്രാമം (ബറീഡ് വില്ലേജ്) സംരക്ഷിച്ച് വിനോദ സഞ്ചാരികൾക്കായി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ വാർത്താവിതരണ മന്ത്രാലയത്തിന്റെ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലൂടെയാണ് സുൽത്താൻ പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് ഉയർന്ന നിലവാരത്തിലുള്ള സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് സുഗമമായി ബീച്ച് ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.