ഷാര്‍ജ വിമാനത്താവളത്തില്‍ തിരക്കേറുന്നതായി റിപ്പോര്‍ട്ടുകൾ. ഈ വര്‍ഷം ആദ്യ പാദത്തില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുപ്പത് ലക്ഷത്തിലധികം പേരാണ് ഇക്കൊല്ലത്തെ ആദ്യ മൂന്ന് മാസത്തില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളലവിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പതിമൂന്ന് ലക്ഷം യാത്രക്കാരുടെ വര്‍ദ്ധനവുണ്ട്. 119.2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു. വിമാനങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയുണ്ടായി. 2022ന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ 21336 വിമാനങ്ങൾ സര്‍വ്വീസ് നടത്തി. എന്നാല്‍ 2021ന്‍റെ തുടക്കത്തില്‍ 11279 വിമാനങ്ങൾ മാത്രമാണ് ഷാര്‍ജ വിമാനത്താവളത്തിലെത്തിയത്.
ചരക്കുഗതാഗതത്തിലും തിരക്കേറി. 26.39 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. 39566 ടണ്‍ ചരുക്കകളാണ് ഇക്കൊല്ലം ആദ്യപാദം എത്തിയത്. മാര്‍ച്ചുമാസത്തില്‍ മാത്രം 14.457 ടണ്‍ ചരക്കെത്തി. വരും ദിവസങ്ങളിലും ഷാര്‍ജ വിമാനത്താവളത്തില്‍ തിരക്കേറുമെന്നാണ് സൂചന. മെയ് 9 ന് ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വേ നവീകരണത്തിന് താത്കാലികമായി അടച്ചിടുന്നതോടെ ഷാര്‍ജയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകൾ എത്തും.
അതേ സമയം ഈദ് ദിനത്തില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ പൂക്കളും സമ്മാനങ്ങളും നല്‍കിയാണ് വരവേറ്റതെന്നും അധികൃതര്‍ വ്യക്തമാക്കി.