സൗദിവൽക്കരണം കൂടുതൽ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാൻ പദ്ധതി. ഇതിന്റെ ഭാഗമായി ഗതാഗത, ലോജിസ്റ്റിക് മേഖലയിലും സൗദിവൽക്കരണം നടപ്പിലാക്കാനാണ് തീരുമാനം. ഇതുവഴി 23,000 തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്ക് ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
മൂന്നാമത് ഖാസിം യൂത്ത് എംപവർമെൻ്റ് ഫോറത്തിൽ ഗതാഗത സഹമന്ത്രി അഹമ്മദ് ബിൻ സുഫ്യാൻ അൽ ഹസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ 28ഓളം തൊഴിലുകളിലാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുക. ലോജിസ്റ്റിക് വ്യവസായത്തിൽ സൗദി പൗരന്മാരുടെ സംഭാവന വർധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഈ മേഖലയിൽ പൗരന്മാരുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കിവരുന്നത്. സൗദി ലോജിസ്റ്റിക്സ് അക്കാദമിയും സൗദി റെയിൽവേ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ഇതിൽ പ്രധാനപ്പെട്ടവയാണ്. വിവിധ പദ്ധതികൾ നടപ്പിലാക്കി ആഗോളതലത്തിൽ സൗദിയെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം.