പ്രവാസി മലയാളികൾക്ക് ആശ്വാസമായി കോഴിക്കോട് നിന്നും വീണ്ടും സർവ്വീസ് ആരംഭിക്കാനൊരുങ്ങി സൗദിയ എയർലൈൻസ്. 9 വർഷത്തിന് ശേഷമാണ് സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് പറക്കുന്നത്.
ഡിസംബർ ആദ്യ ആഴ്ച മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്. സൗദിയ എയറിന്റെ റീജനൽ ഓപ്പറേഷൻസ് മാനേജർ ആദിൽ മാജിദ് അൽ ഇനാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും സർവ്വീസ് നടത്തുക.
2015-ലാണ് കോഴിക്കോട് നിന്നുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൻ്റെ റൺവേ നവീകരണത്തിനോട് അനുബന്ധിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായാണ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഇതോടെ സൗദിയ എയർലൈൻസ് സർവീസ് നിർത്തലാക്കുകയായിരുന്നു.