വേനൽക്കാലത്ത് 7.4 ദശലക്ഷത്തിലധികം സീറ്റുകൾ അനുവദിച്ച് സൗദിയ എയർലൈൻ. എയർലൈനിന്റെ ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾക്കാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 7.4 ദശലക്ഷത്തിലധികം സീറ്റുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ 10 ശതമാനം സീറ്റുകളുടെ വർധനവാണ് വന്നിരിക്കുന്നത്.
ഈ കാലയളവിൽ കമ്പനി 32,400-ലധികം ഫ്ലൈറ്റുകൾ സർവ്വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരക്കേറിയ സീസണുകളിൽ സുഗമമായ യാത്ര നൽകുന്നതിനായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഈ വർഷം മുഴുവനും, പ്രത്യേകിച്ച് വേനൽകാലത്ത് എയർലൈനിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർവ്വീസ് വിപുലമാക്കുമെന്നും സൗദിയയുടെ സിഇഒ ക്യാപ്റ്റൻ ഇബ്രാഹിം കോശി പറഞ്ഞു.
മികച്ച സേവനങ്ങൾ നൽകുന്നതോടൊപ്പം സീസണിൽ കൂടുതൽ ഡെസ്റ്റിനേഷനുകൾ അവതരിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. ഈ വർഷം 25 പുതിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾ കൂട്ടിച്ചേർത്തതായും ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്രാസൗകര്യം എർപ്പെടുത്തുന്നതിൽ എയർലൈൻ പൂർണ്ണമായും വിജയിച്ചതായും അധികൃതർ അറിയിച്ചു.