ഹജ്ജുമായി ബന്ധപ്പെട്ട വാർത്തകളും വിഡിയോകളും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സൗദി വാർത്താവിതരണ മന്ത്രാലയം വെർച്വൽ മീഡിയ സെന്റർ ആരംഭിച്ചു. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്ക് ഹജ്ജിന്റെ ഉള്ളടക്കവും വാർത്തകളും ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുകയും പ്രക്ഷേപണം സുഗമമാക്കുകയും ലക്ഷ്യമിട്ടാണ് വെർച്വൽ മീഡിയ സെന്റർ ആരംഭിച്ചത്.
ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമായിട്ടാണ് വെർച്വൽ മീഡിയ കേന്ദ്രം പ്രവർത്തിക്കുക. കൂടാതെ സർക്കാർ വാർത്താ ഏജൻസികൾക്കും മറ്റ് മാധ്യമങ്ങൾക്കും വെർച്വൽ മീഡിയകേന്ദ്രം സേവനങ്ങൾ നൽകും. ഉയർന്ന നിലവാരത്തോടെ വാർത്തകളും ഫോട്ടോകളും വിഡിയോകളും ഇതുവഴി അപ്ലോഡ് ചെയ്യാനും സാധിക്കും.
ഇതിനോടകം ഈ പ്ലാറ്റ്ഫോമിൽ 900ത്തിലധികം മാധ്യമപ്രവർത്തകർ രജിസ്റ്റർ ചെയ്തതായാണ് വിവരം. നിരവധി വാർത്താ ഏജൻസികൾ, അന്താരാഷ്ട്ര-പ്രാദേശിക ചാനലുകൾ, പത്രങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന മാധ്യമപ്രവർത്തകരാണിവർ. അതേസമയം വിവിധ ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന ഹജ്ജ് സീസണിലെ വാർത്തസമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഈ കേന്ദ്രം വഴി മാധ്യമപ്രവർത്തകർക്ക് കഴിയുകയും ചെയ്യും. കൂടാതെ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവർക്ക് ആളുകളുമായി അഭിമുഖത്തിനും ഹജ്ജ് വാർത്തയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ, അന്വേഷണങ്ങൾ തുടങ്ങിയ ഏതു മാധ്യമ സേവനത്തിനു വേണ്ടിയും അഭ്യർഥിക്കാമെന്നും സൗദി വാർത്താ വിതരണ മന്ത്രാലയം കൂട്ടിച്ചേർത്തു.