സൗദി അറേബ്യയിലെ ജയിലിൽ റഷീദ് കഴിഞ്ഞത് രണ്ടര വർഷം. സാമൂഹ്യപ്രവർത്തകന്റെ വേഷം കെട്ടി വന്ന വ്യക്തിയുടെ വാക്ക് വിശ്വസിച്ചതുകൊണ്ടായിരുന്നു റഷീദിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്.നാല് വർഷം മുൻപായിരുന്നു തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദ് ഹൗസ് ഡ്രൈവർ വിസയിൽ ജിദ്ദയിലെത്തിയത്. എന്നാൽ സ്വദേശിയായ സ്പോൺസർ റഷീദിനെ തൻ്റെ സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിച്ചു. അങ്ങനെയിരിക്കെ സ്വദേശിവത്ക്കരണം ശക്തമായ രാജ്യത്ത് കർശന പരിശോധന നടക്കുന്ന സമയത്താണ് റഷീദിൻ്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. സ്വദേശി തൊഴിൽ ചെയ്യേണ്ട തസ്തികയിൽ ഒരു വിദേശിയെ കണ്ട പോലീസ് അടുത്ത തവണ പരിശോധനക്കെത്തുമ്പോൾ തൊഴിൽസ്ഥലത്ത് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നൽകി തിരികെ പോയി.
എന്നാൽ ഇത് കേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിൻ്റെ അടുത്ത് അഭയം തേടി പോയി. പക്ഷെ, പാസ്പോർട്ട് സ്പോൺസറുടെ അടുത്ത് ആയതിനാൽ ഉടൻ നാട്ടിലെത്താൻ ഷാൻ എന്നയാളുടെ വാക്ക് കേട്ട റഷീദിന് അറിയില്ലായിരുന്നു താൻ ഒരു ചതിക്കുഴിയിൽ വീഴുകയായിരുന്നു എന്ന്.സാമൂഹ്യ പ്രവർത്തകൻ ചമഞ്ഞ് അടുത്തെത്തിയ അയാളുടെ വാക്ക് കേട്ടത് റഷീദിന് വിനയായി. ഇതിനിടയിൽ റഷീദ് ഒളിച്ചോടിയെന്ന് സ്പോൺസർ പരാതിയും കൊടുത്തിരുന്നു. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
ജിദ്ദയിലെ നാടുകടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിടച്ച് മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്താൻ കഴിയും എന്നായിരുന്നു ഷാൻ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി നാലായിരം റിയാൽ റഷീദിൽ നിന്നും അയാൾ വാങ്ങിച്ചെടുക്കുകയും ചെയ്തു. പിന്നീട് റഷീദ് ഷാനെ കണ്ടിട്ടില്ല. മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദിന് 28 മാസം ജയിലിൽ കിടക്കേണ്ടി വന്നു. ഇതിനിടയിൽ ജിദ്ദയിൽ നിന്നും റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റുകയും ചെയ്തു. റഷീദിന്റെ ജയിൽ വാസമറിഞ്ഞ മാതാപിതാക്കൾ ജയിൽ മോചനത്തിനായി വിവിധകേന്ദ്രങ്ങളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
അങ്ങനെയിരിക്കെ വിഷയം മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത് റഷീദിന്റെ മോചനത്തിന് വഴിയൊരുക്കി. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതർ അതിവേഗം പരിഹരിച്ചു. ഒടുവിൽ റഷീദിനെ സൗദി കോടതി ജയിൽ മോചിതനാക്കി. രണ്ടര വർഷം സൗദിയിലെ ജയിലിൽ ദുരിത ജീവിതം ജയിച്ച റഷീദ് കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദിൽ നിന്നും മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ ജന്മനാട്ടിലെത്തി. സഹോദരൻ റമീസും മറ്റുബന്ധുക്കളും അദ്ദേഹത്തെ സ്വീകരിച്ചു. സഹോദരൻ്റെ മോചനത്തിനായി പരിശ്രമിച്ച എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു. ദുരിത കയത്തിൽ നിന്ന് കൈപിടിച്ച് കരയ്ക്കെത്തിച്ച് രണ്ടാം ജന്മം നൽകിയ ‘ദൈവത്തിന് ‘ കടപ്പാടും നന്ദിയും വ്യക്തമാക്കി റഷീദിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.