തേജ് ചുഴലിക്കാറ്റ് സൗദി അറേബ്യയുടെ കാലാവസ്ഥയെ പരോക്ഷമായി ബാധിക്കുമെന്ന് ഔദ്യോഗിക വിലയിരുത്തൽ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വ മുതൽ വ്യാഴം വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്.
ഒമാനോട് ചേർന്ന് കിടക്കുന്ന റുബുൽ ഖാലി മരുഭൂമി, നജ്റാൻ, ഖർഖീർ, ശറൂറ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. ഈ പ്രദേശങ്ങളിൽ 45 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അറബിക്കടലിൽ വടക്ക് പടിഞ്ഞാർ, പടിഞ്ഞാർ ഭാഗങ്ങളിലേക്ക് നീങ്ങുന്നതിനാൽ അടുത്ത മണിക്കൂറുകളിൽ തേജ് ചുഴലിക്കാറ്റിന് ശക്തിയേറും.
കൂടാതെ ഒമാൻ, യമൻ തീരത്തോട് അടുത്തുവരുന്നുണ്ടെങ്കിലും അവിടെയെത്തുമ്പോഴേക്കും കാറ്റഗറി 2 ചുഴലിക്കാറ്റായി മാറും. അതിനാൽ തീരങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടാകാൻ ഇത് കാരണമാകും. ചില തീരപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാനും സാധ്യതയുണ്ട്. അറബിക്കടലിൽ തിരമാല അഞ്ച് മീറ്റർ വരെ ഉയരത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്.