സൌദിയിൽ ഹജ്ജ്, ഉംറ തീർത്ഥാടക കാലത്തിന് മുന്നോടിയായി നൽകുന്ന താൽകാലിക തൊഴിൽസേവന വിസ ദുരുപയോഗം ചെയ്താൽ അൻപതിനായിരം സൗദി റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്. ഇത്തരം വിസയിൽ എത്തുന്നവർക്ക് വാർഷിക ഹജ്ജ് തീർത്ഥാടനം നടത്താൻ യോഗ്യതയുണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
താത്കാലിക തൊഴിൽ വിസ അനുവദിക്കുന്നത് നിശ്ചിത കാലയളവിൽ തൊഴിൽ ചെയ്യാനാണെന്നും മറിച്ച് ഹജ്ജ് തീർത്ഥാടനത്തിനല്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അമ്പതിനായിരം റിയാൽ വരെ പിഴ ചുമത്തും.ചില സന്ദർഭങ്ങളിൽ അഞ്ച് വർഷം വരെ വിലക്കും ലഭ്യമാകും.
ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള താത്കാലിക തൊഴിൽ വിസയ്ക്കുള്ള അപേക്ഷയിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ 15,000 റിയാൽ വരെ പിഴ ഈടാക്കുമെന്നു പുതുക്കിയ നിയമത്തിൽ പറയുന്നുണ്ട്. അപേക്ഷകർ സ്വന്തം രാജ്യത്തേക്ക് തിരികെ പോകുന്നതിന്നത് ഉറപ്പാക്കാൻ രണ്ടായിരം റിയാൽ ഗ്യാരണ്ടി നൽകണം. നിർദ്ദിഷ്‌ട കാലയളവിനുള്ളിൽ തൊഴിലാളി രാജ്യം വിട്ടാൽ അല്ലെങ്കിൽ വിസ റദ്ദാക്കിയാൽ ഗ്യാരണ്ടി തുക തിരികെ ലഭ്യമാകും.
താത്കാലികക തൊഴിൽ വിസ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നതിനും വിലക്കുണ്ട്. സൗദിയിൽ പ്രവേശിച്ചത് മുതൽ 90 ദിവസം വരെയാണ് വിസ കാലാവധി. ആവശ്യഘട്ടത്തിൽ 90 ദിവസത്തേക്ക് കൂടി വിസ നീട്ടാൻ ഹജ്ജ്, ഉംറ മന്ത്രാലയം അനുവദിക്കും.