സർക്കാർ ഔദ്യോഗിക രേഖകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ചുവർഷം വരെ തടവും അഞ്ചുലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി നൽകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സർക്കാർ നൽകുന്ന ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയോ വ്യാജമായവ നിർമിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
സൗദി പബ്ലിക് അതോറിറ്റികളും അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ, ഇന്റർനാഷണൽ പബ്ലിക് അതോറിറ്റികളും അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ എന്നിവരെ അവഹേളിക്കുന്നതും ഹേതുവാക്കുന്നതുമായ രീതിയിലുള്ള ഡോക്യുമെൻറുകൾ തയാറാക്കുന്നതും ഈ നിയമപരിധിയിൽ ഉൾപ്പെടും. കൂടാതെ സീൽ, ലെറ്റർഹെഡ്, സ്റ്റാമ്പ്, ഔദ്യോഗിക മുദ്രകൾ എന്നിവ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും ഈ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.