സൗദി അറേബ്യ റിയാദ് ആസ്ഥാനമായി അന്താരാഷ്ട്ര ജല സംഘടന സ്ഥാപിക്കാനൊരുങ്ങുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാങ്കേതിക അനുഭവങ്ങൾ, ഗവേഷണം, വികസനം, നവീകരണം എന്നിവ കൈമാറുന്നതിലൂടെയും മെച്ചപ്പെടുത്തുന്നതിലൂടെയും ജല വെല്ലുവിളികളെ സമഗ്രമായ രീതിയിൽ അഭിമുഖീകരിക്കാനുള്ള രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും ശ്രമങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം ലോകമെമ്പാടുമുള്ള ജല വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയും പാരിസ്ഥിതിക സുസ്ഥിരത പ്രശ്നങ്ങളോടുള്ള പ്രതിബദ്ധതയിലും സൗദിയുടെ പങ്ക് സ്ഥിരീകരിക്കുന്നതിനുമാണ് ഈ സംരംഭമെന്ന് കിരീടാവകാശി പറഞ്ഞു. ജലത്തിന്റെ ഉൽപാദനം, വിതരണം, ഗതാഗതം, വെല്ലുവിളികൾക്കുള്ള സാങ്കേതിക പരിഹാരങ്ങളുടെ നവീകരണം, അന്താരാഷ്ട്ര അജണ്ടയുടെ മുകളിൽ ജലപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അതിന്റെ സംഭാവന എന്നിവയിൽ കാലങ്ങളായുള്ള സൗദി അറേബ്യയുടെ മുൻനിര ആഗോള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ലോകമെമ്പാടുമുള്ള നാല് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾക്ക് ജല, ശുചിത്വ പദ്ധതികൾക്കായി 600 കോടി ഡോളറിലധികം ധനസഹായം നൽകുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
കൂടാതെ കണക്കുകൾ അനുസരിച്ച് ലോക ജനസംഖ്യ 9,800 കോടിയിലേക്ക് എത്തുന്നതിന്റെ ഫലമായി 2050 ഓടെ ആഗോള ജലത്തിന്റെ ആവശ്യം ഇരട്ടിയാകുമെന്ന് കണക്കിലെടുത്താണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്ന് കിരീടാവകാശി പറഞ്ഞു. മാത്രമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുരക്ഷിതവും സുസ്ഥിരവുമായ ഒരു ജലഭാവിക്ക് വേണ്ടിയുള്ള വഴിയൊരുക്കുന്നതിനും യോജിച്ച ശ്രമങ്ങളിലൂടെ ജലസമൃദ്ധി ഉറപ്പാക്കാനും അംഗരാജ്യങ്ങളുമായി സഹകരിച്ച് അതിനാവശ്യമായ സംഭാവനകൾ നൽകാനുമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.