സൗദിയിൽ സ്‌പോണ്‍സറില്ലാതെ താമസിക്കാനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കി. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍, ബിസിനസ് നിക്ഷേപകര്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. പുതിയ മേഖലകളില്‍ അറിവിന്റെയും നിക്ഷേപത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണമാണിതെന്ന് പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
ആരോഗ്യം, ശാസ്ത്രം, അഡ്മിനിസ്‌ട്രേറ്റീവ്, ഗവേഷണം എന്നീ മേഖലകളില്‍ പരിചയം ഉള്ളവരും സൗദി തോഴില്‍ മേഖലക്ക് അറിവ് കൈമാറ്റത്തിന് സംഭാവന ചെയ്യുന്ന മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ആണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നവർ. കായിക, സാംസ്‌കാരിക മേഖലകളില്‍ പ്രത്യേക കഴിവു തളിയിച്ചവരാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകർ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുന്നു.
സൗദിയില്‍ നൂതന കമ്പനികള്‍ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവരും ക്രിയാത്മകമായ ആശയങ്ങളുളള സംരംഭകരും പ്രോജക്ട് ഉടമകളുമാണ് നാലാം വിഭാഗത്തില്‍ ഉൾപ്പെടുന്നവർ. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ആവാന്‍ ആഗ്രഹിക്കുന്നവരാണ് അഞ്ചാം വിഭാഗത്തില്‍. പ്രീമിയം ഇഖാമയുള്ളവര്‍ക്ക് സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും മികച്ച അവസരവും ഇതിലൂടെ ഉണ്ടാവും. ഈ അഞ്ചു വിഭാഗത്തില്‍ ഇഖാമക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാലാണ് ഫീസ്. ഓരോ വിഭാഗത്തിനും പ്രത്യേക വ്യവസ്ഥകളുമുണ്ട്.