ആഭരണങ്ങളിലും മറ്റ് കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന നിർദേശവുമായി സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പെടെയുള്ള ഏതുതരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന സൗദി ഗ്രാൻഡ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
ഖുർആനിലെ വാക്യങ്ങൾ അനാദരിക്കപ്പെടാതെ ഇരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യാതിരിക്കാനുമാണിത്. ഇത് സംബന്ധിച്ച് സൗദി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.