സൗദിയിലെ പുരാതന നഗരമായ അൽ ഉലയുടെ മണ്ണിൽ പറന്നിറങ്ങി ഖത്തർ എയർവേസ്. അൽ ഉലയുടെ പൈതൃക കാഴ്ചകളിലേക്കാണ് ചരിത്രമായി ഖത്തർ എയർവേയ്സ് പറന്നിറങ്ങിയത്. ദോഹയിൽ നിന്നും അൽ ഉലയിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവിസാണ് ഖത്തർ എയർവേസ് ആരംഭിച്ചത്.
സൗദിയുടെയും അറബ് ചരിത്രത്തിലെയും ഏറെ പ്രാധാന്യമുള്ള പൈതൃക നഗരമാണ് അൽ ഉല. ഏഴായിരം വർഷത്തെ സാംസ്കാരിക പാരമ്പര്യങ്ങളുടെ ശേഷിപ്പുകൾ ഇവിടെ ധാരാളമുണ്ട്. ഭൂപ്രകൃതികൊണ്ടും ആകർഷകമാണ്. മാത്രമല്ല, യുനെസ്കോയുടെ പൈതൃക പട്ടികയിൽ സൗദിയിൽ നിന്നും ആദ്യം ഇടം നേടിയ സ്ഥലം കൂടിയാണിത്. കൂടാതെ സുഗന്ധവ്യഞ്ജന വ്യാപാരപാതയിൽ പ്രധാന നഗരം കൂടിയായിരുന്നു അൽ ഉല.