ഹജ്ജ് കർമങ്ങൾക്കായി ഖത്തറിൽ നിന്നും പുറപ്പെടാനൊരുങ്ങുന്ന തീർഥാടകർ ആരോഗ്യ മുൻകരുതൽ എടുക്കണമെന്ന നിർദേശവുമായി പിഎച്ച്സിസി. ഹജ്ജ് തീർഥാടകർ ക്കായുള്ള പ്രതിരോധ കുത്തിവെപ്പുകൾ പിഎച്ച്സിസിയിൽ ലഭ്യമാണെന്നും ഹജ്ജ് യാത്രികർ പൂർണ്ണ ആരോഗ്യമുള്ളവർ ആയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഹജ്ജ് വേളയിൽ പകർച്ചവ്യാധികൾ ഉണ്ടാവാനുള്ള സാധ്യത വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീർഥാടകർ യാത്ര പുറപ്പെടും മുൻപേ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് പിഎച്ച്സിസി നിർദേശിച്ചത്. കൂടാതെ ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും പിഎച്ച്സിസി നിർദേശിച്ചു. അതേസമയം വ്യായാമങ്ങളിലൂടെയും പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മദീന ഖലീഫ ഹെൽത്ത് സെന്റർ ഫാമിലി ഫിസിഷ്യൻ ഡോ. മായ് അൽ സമ്മാക് പറഞ്ഞു. കൂടാതെ മെനിഞ്ചൈറ്റിസ്, കോവിഡ് എന്നിവക്കെതിരായ നിർണായക പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുന്നത് ഉറപ്പാക്കണമെന്നും അൽ സമ്മാക് കൂട്ടിച്ചേർത്തു.
ന്യൂമോണിയ, സീസണൽ ഇൻഫ്ളുവൻസ, ടെറ്റനസ് എന്നിവക്കെതിരായ വാക്സിനുകൾ ഹജ്ജ് യാത്രക്ക് മുൻപായി സ്വീകരിക്കുന്നത് നല്ലതാണ്. പ്രായമായവർ തീർഥാടനത്തിന് മുൻപായി ഡോക്ടറെ കാണുകയും ആരോഗ്യവും ശാരീരിക സാഹചര്യങ്ങളും പരിശോധിക്കുകയും ചെയ്യണമെന്നും ഡോ. അൽ സമ്മാക് വ്യക്തമാക്കി. അതേസമയം ഗർഭിണികളായവർ ഹജ്ജിന് പോകുന്നുണ്ടെങ്കിൽ അവർക്ക് ശാരീരിക പ്രയാസങ്ങൾ സഹിക്കാനുള്ള ശേഷിയുണ്ടോ എന്ന് ഡോക്ടറെ കണ്ട് ഉറപ്പാക്കേണ്ടതാണെന്നും അവർ നിർദേശിച്ചു. കൂടാതെ തീർഥാടനവേളയിൽ വ്യക്തിഗത ശുചിത്വം കർശനമായി പാലിക്കണമെന്നും അൽ സമ്മാക് കൂട്ടിച്ചേർത്തു.