സൗദിയിൽ താത്കാലിക ജോലി അവസരം. ഈ വർഷം സൗദി അറേബ്യയിൽ താൽക്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പലതരം ജോലികൾ ചെയ്യുന്ന തൊഴിലാളികളെ താൽക്കാലികാടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വിസകൾ അനുവദിക്കുമെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് ചേർന്ന വ്യവസായികളുടെ യോഗത്തിലാണ് മന്ത്രി വ്യക്തമാക്കിയത്.
ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിലാണ് ഇത്തരത്തിൽ റിക്രൂട്ട്മെൻറുകൾ ആവശ്യമായി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ജോലികൾ ചെയ്യുന്ന കമ്പനികൾക്ക് താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലാളികളെ ആവശ്യമായി വരുന്നത് പതിവാണ്. സ്വദേശത്ത് നിന്ന് ലഭ്യമായില്ലെങ്കിൽ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ സീസണൽ വിസകൾ കമ്പനികൾക്ക് തങ്ങളുടെ ജോലി സുഗമമാക്കാൻ സഹായമായി മാറുമെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം വിദേശികളെ സീസണൽ വിസയിൽ റിക്രൂട്ട് ചെയ്യുമ്പോൾ തങ്ങളുടെ ജോലി ചെയ്യാൻ പ്രാപ്തരായ ആളുകളാണോ എന്ന് ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്. മാത്രമല്ല ഇങ്ങനെ സീസണൽ വർക്ക് വിസയിൽ വരുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടായിരിക്കുകയില്ല. ഹജ്ജ് ചെയ്യാൻ അനുവദിച്ചാൽ അത് ഗുരുതര നിയമലംഘനമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.