മഴ ശക്തമായതിനെ തുടർന്ന് ജിദ്ദയിലെ നിരവധി റോഡുകൾ നഗരസഭ അടച്ചു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു കവിഞ്ഞു. പ്രിൻസ് മജീദ് ടണൽ, ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, പലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് നഗരസഭ അടച്ചത്. വാഹനങ്ങൾ അൽഹറമൈൻ റോഡിലേയ്ക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
അതേസമയം ടണലുകളിലെയും ഓവുചാലുകളിലേയും വെള്ളം വറ്റിക്കുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ജിദ്ദ നഗരസഭ പരിശ്രമിക്കുകയാണ്. ചില റോഡുകൾ ഇതിനോടകം തുറന്നിടുകയും ചെയ്തിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നഗരസഭ അറിയിച്ചു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ ഇന്ന് (ഞായർ) സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു.പകരം മദ്റസതീ പ്ലാറ്റ്ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
ജിദ്ദയിലെ ഇന്ത്യൻ സ്കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജിദ്ദ യൂണിവേഴ്സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയും ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്ന് സർവകലാശാലകൾ അറിയിച്ചു. മക്ക, ജുമൂം, ബഹ്റ, അൽകാമിൽ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുൻഫുദയിലെ സ്കൂളുകൾക്ക് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലും മദ്റസതീ പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയി ക്ലാസ് നടക്കുമെന്നും അധികൃതർ അറിയിച്ചു.