പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടിയിരിക്കുകയാണിപ്പോൾ. മദീന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കാൻ മദീന വികസന അതോരിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചത്.
ഉച്ചയ്ക്കുശേഷം മൂന്ന് മണി മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയിട്ടുള്ളത്. ഖിയാമുലൈൽ നമസ്കാരം കഴിയും വരെ സർവീസ് ഉണ്ടായിരിക്കും. കൂടാതെ, മദീന നിവാസികളെയും സന്ദർശകരെയും മസ്ജിദുന്നബവി, ഖുബഅ് പള്ളി എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഏഴ് സ്ഥലങ്ങൾ സർവിസിന് വേണ്ടി നിർണയിച്ചിട്ടുമുണ്ട്.