പ്രാർത്ഥനകളോടെ ഹജ്ജ് കർമം നിർവഹിക്കാൻ തീർഥാടകർ സൗദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12 ലക്ഷം ഹജ്ജ് തീർഥാടകർക്ക് മികച്ച സേവനം നൽകാനുള്ള പ്രവർത്തന പദ്ധതിക്ക് ജിദ്ദ വിമാനത്താവളം അംഗീകാരം നൽകിയിരിക്കുകയാണ്. കോവിഡിനു ശേഷം ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാരുടെ വരവ് രേഖപ്പെടുത്തുന്ന വർഷമായിരിക്കും 2024 എന്നാണ് റിപ്പോർട്ടുകൾ. ജിദ്ദ വിമാനത്താവളം വഴി എത്തുന്ന തീർഥാടകരുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമാക്കിയുള്ള എല്ലാ ആവശ്യകതകളോടും പൊരുത്തപ്പെടുന്നതാണ് ഹജ്ജ് സേവന പദ്ധതിയെന്ന് ജിദ്ദ എയർപോർട്ട് സി.ഇ.ഒ എഞ്ചിനീയർ മാസിൻ ബിൻ മുഹമ്മദ് ജൗഹർ പറഞ്ഞു.
ദുൽഖഅദ് ഒന്നിന്ന് ആദ്യ വിമാനങ്ങളുടെ വരവോടെയായിരിക്കും പദ്ധതി ആരംഭിക്കുക. ടെർമിനൽ ഒന്ന്, ഹജ്ജ്, ഉംറ ലോഞ്ച് കോംപ്ലക്സ്, നോർത്ത് ടെർമിനൽ എന്നിവയിലെ എല്ലാ എയർപോർട്ട് ലോഞ്ചുകളും പ്രവർത്തിപ്പിക്കുന്നത് ഇനി ഈ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും. മൂന്ന് ഹാളുകളിലും പാസ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 411ലധികം പ്ലാറ്റ്ഫോമുകളുണ്ടാവും.
ബാഗേജ് സ്വീകരിക്കുന്നതിന് 440 പ്ലാറ്റ്ഫോമുകൾ, 56 മൊബൈൽ ബ്രിഡ്ജ് ഗേറ്റുകൾ, 54 കസ്റ്റംസ് പരിശോധന ഉപകരണങ്ങൾ, ലഗേജ് ശേഖരിക്കാൻ 29 പാതകൾ, 28 ബസ് ഗേറ്റുകൾ, ഗ്രൂപ്പ് ലഗേജുകൾക്കായി രണ്ട് പ്ലാറ്റ്ഫോമുകൾ,നാല് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ തീർഥാടകരുടെ യാത്ര സുഗമമാക്കും. തീർഥാടകരെ സേവിക്കുന്നതിനും അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വിമാനത്താവളത്തിൽ പീക്ക് കാലയളവിൽ സർക്കാർ, സുരക്ഷാ, പ്രവർത്തന മേഖലകളിൽ നിന്നുള്ള ജീവനക്കാരുടെ എണ്ണം 16,000 എത്തുമെന്നും സി.ഇ.ഒ പറഞ്ഞു. ഹജ്ജ് കർമം നിർവഹിക്കാൻ എത്തുന്ന തീർഥാടകരുടെ മനസ്സും നിറഞ്ഞുകൊണ്ടായിരിക്കും അവർ സൗദി വിട്ട് പോവുക.