സൗദിയിലെ ഹരാത് ഉവൈരിദ് പര്‍വ്വതനിര യുനസ്കോയുടെ പ്രകൃതി സംരക്ഷണ പട്ടികയില്‍ ഇടംപിടിച്ചു. മേഖലയില്‍ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളും പക്ഷികളും അപൂര്‍വ്വ സസ്യങ്ങളും കണക്കിലെടുത്താണ് യുനെസ്കോ നീക്കം. യുനെസ്കോയുടെ 34ാമത് യോഗത്തിലാണ് ഹരാത് ഉവൈരിദിനെ സംരക്ഷിത പട്ടികയില്‍ ഉൾപ്പെടുത്താന്‍ തീരുമാനമായത്.
സൗദിയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഹരാത് ഉവൈരിദ് പര്‍വ്വതനിര പൗരാണിക വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. യുനെസ്കോ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമില്‍ ഉൾപ്പെടുത്തുന്ന സൗദിയിലെ രണ്ടാമത് പ്രദേശമാണിത്. വംശനാശഭീഷണി നേരിടുന്ന 19 ഇനം മൃഗങ്ങളും 43 തരം പക്ഷികളും 55 ഇനം അപൂർവ സസ്യങ്ങളും ഇവിടെയുണ്ട്. അറേബ്യൻ പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമായാണ് ഹരാത് ഉവൈരിദ് മേഖല അറിയപ്പെടുന്നത്.
ആടുവളർത്തലിലൂടെയും കാർഷികവൃത്തിയിലൂടെയും ഉപജീവനം കഴിക്കുന്ന അമ്പനിനായിരം കര്‍ഷകര്‍ ഈ മേഖലയിലുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ വര്‍ഷം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ തെക്കുപടിഞ്ഞാറൻ അതിർത്തിമേഖലയായ ചെങ്കടലിലെ ‘ഫർസാൻ ദ്വീപു’കളെ ഉൾപ്പെടുത്തിയിരുന്നു. പ്രകൃതിദത്തവും നിയന്ത്രിതവുമായ ആവാസവ്യവസ്ഥയെ പരമാവധി സംരക്ഷിക്കുകയാണ് യുനസ്കോയുടെ ലക്ഷ്യം.