ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് എത്തുന്നു . തീർഥാടകർ ഇന്നും നാളെയുമായി കർമങ്ങൾ അവസാനിപ്പിച്ച് മിനായിൽ നിന്നു മടങ്ങിപ്പോകും.
ആറ് ദിവസം നീളുന്ന ഹജ്ജ് കർമങ്ങൾ തീർഥാടകർക്ക് അഞ്ചുദിവസങ്ങൾ കൊണ്ട് അവസാനിപ്പിക്കാനുള്ള അവസരമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി തീർഥാടകരിൽ ഏറിയ പങ്കും ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള കല്ലേറ് കർമവും പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. എന്നാൽ പല തീർത്ഥാടകരും പുണ്യത്തിനായും, സൗകര്യം അനുസരിച്ചും സർവീസ് ഏജൻസിയുടെ നിർദേശങ്ങൾ പാലിച്ചും നാളത്തെ കല്ലേറ് കർമത്തോടെ മാത്രമേ ഹജ്ജ് കർമങ്ങൾ അനുഷ്ഠിച്ച് തിരികെ പോകൂ. മലയാളികൾ ഉൾപ്പടെ ഇന്ത്യൻ തീർഥാടകർ നാളെയാണ് മടങ്ങുക.
ഇന്നും നാളെയും മിനായിലെ മൂന്ന് ജംറകളിലും ഹജ്ജിമാർ കല്ലെറിയും. ജംറകളിലെ കല്ലേറ് കർമം പൂർത്തിയായാൽ പിന്നെ തീർഥാടകർക്ക് അവശേഷിക്കുന്ന കർമം വിശുദ്ധ കഅബയെ വലയം ചെയ്യുന്ന വിടവാങ്ങൽ ത്വവാഫ് ആണ്. മക്ക നഗരത്തിൽ നിന്ന് മടങ്ങുമ്പോൾ മാത്രമാണ് ഇത് നിർവഹിക്കുക.