കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുകീഴിൽ നാട്ടിൽ നിന്നും ഹജ്ജിനു പോകുന്ന പ്രവാസികൾക്ക് കടമ്പകൾ ഏറെ. ഏപ്രിൽ 24ന് മുമ്പ് പാസ്പോർട്ടുകൾ സമർപ്പിക്കണമെന്ന വ്യവസ്ഥയാണ് വിവിധ രാജ്യങ്ങളിലെ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ നാട്ടിൽ നിന്ന് ഹജ്ജിന് പോകുന്നവർ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ജോലി സ്ഥലങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവധിയെടുക്കേണ്ടതായി വരും. ജൂൺ 15 മുതൽ 20 വരെയായിക്കും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ നടക്കുക.
ചടങ്ങുകൾ കഴിഞ്ഞ് ജുലൈ മാസം പകുതിയോടെ മാത്രമേ പലർക്കും നാട്ടിൽ തിരിച്ചെത്താൻ സാധിക്കുകയുള്ളു. സ്വന്തമായി സ്ഥാപനം നടത്തുന്നവർക്ക് ഈ കാലയളവിൽ പുറത്ത് നിൽക്കുന്നത് പ്രശ്നമായിരിക്കില്ല. എന്നാൽ സാധാരണ ഗതിയിൽ ശമ്പള വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽനിന്ന് ഇത്രയും ദിവസത്തെ അവധി ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പ്രവാസികൾ.
നാട്ടിൽ നിന്ന് ഹജ്ജിന് നറുക്ക് ലഭിച്ചിട്ടും നേരത്തെ പാസ്പോർട്ടുകൾ നൽകണമെന്ന വ്യവസ്ഥ പ്രവാസികൾക്ക് മുന്നിലെ ഏറ്റവും വലിയ കടമ്പയാണ്. ഇതോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവുമായി പ്രവാസികൾ രംഗത്ത് വരുന്നുണ്ട്. പാസ്പോർട്ടുകൾ വെരിഫിക്കേഷൻ നടത്തി പ്രവാസികൾക്കു തന്നെ തിരിച്ചുനൽകി ഹജ്ജിന് ഏതാനും ആഴ്ചമുമ്പ് പാസ്പോർട്ടുകൾ വീണ്ടും സ്വീകരിക്കാൻ സൗകര്യമൊരുക്കണം. അതല്ലെങ്കിൽ പ്രവാസികളിൽ പാസ്പോർട്ട് സ്വീകരിക്കാനുള്ള കാല പരിധി നീട്ടണം എന്നതാണ് പ്രവാസികളുടെ ആവശ്യം.