ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങളെകുറിച്ച് വിവരിക്കുന്ന പ്രദർശനം മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ആരംഭിച്ചു. സുരക്ഷ വർധിപ്പിക്കുകയും സുഗമമായി ഹജ്ജ് നിർവഹിക്കുകയും ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രദർശനത്തിലൂടെ കണ്ടറിയാം.
ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നൽകി വരുന്ന ഇലക്ട്രോണിക് സേവനങ്ങളെ കുറിച്ചും പ്രദർശനത്തിൽ പരിചയപ്പെടുത്തും. കൂടാതെ നിയമലംഘനങ്ങൾ ഇല്ലാത്ത രാഷ്ട്രം എന്ന പ്രമേയത്തിൽ ബോധവൽക്കരണ ക്യാമ്പയിനും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വാഗ്ദാനം ചെയ്യുന്ന 300ലേറെ സേവനങ്ങൾ ലഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷിറിനെ കുറിച്ചും പ്രദർശനത്തിൽ പരിചയപ്പെടുത്തും.
അതേസമയം വിദേശ ഹജ് തീർഥാടകർക്ക് മാതൃരാജ്യത്ത് വച്ച് സൗദിയിലെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്ന മക്ക റൂട്ട് പദ്ധതിയെയും പ്രദർശനത്തിലൂടെ അടുത്തറിയാൻ സാധിക്കും. നിലവിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, തുർക്കി, മൊറോക്കൊ, ഐവറി കോസ്റ്റ് എന്നീ ഏഴ് രാജ്യക്കാരാണ് ഈ പദ്ധതി വഴി ഹജ്ജിന് എത്തിയിട്ടുള്ളത്.