ജിദ്ദ നഗരത്തെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന വിസ്മയ നഗരപദ്ധതിയായ ‘മറാഫി’യ്ക്ക് തറക്കല്ലിട്ടു. നഗര ഭൂപ്രകൃതിയെ പുനരുജ്ജീവിപ്പിക്കുന്ന ചെങ്കടലിനെ ജിദ്ദയുടെ നഗര ഘടനയുമായി ബന്ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജിദ്ദയുടെ വടക്കുഭാഗത്തായാണ് ഈ മനോഹരമായ‘മറാഫി’ ഉപനഗരം നിർമിക്കുന്നത്. ജിദ്ദയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന നഗരത്തിന്റെ ശിലാസ്ഥാപനം മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ നിർവഹിച്ചു. സൗദി പൊതുനിക്ഷേപ നിധിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഈ ഭീമൻ പദ്ധതി റോഷൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പാണ് നടപ്പാക്കുന്നത്.
1.18 കോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് പാദ്ധതിയുടെ രൂപകൽപ്പന. വാണിജ്യസ്ഥാപനങ്ങൾ, കടൽ വിനോദത്തിനുള്ള സൗകര്യം, റീട്ടെയിൽ സ്റ്റോറുകൾ, സാംസ്കാരിക വേദികൾ, കഫേകൾ, റെസ്റ്റാറന്റുകൾ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, വിനോദ ഇടങ്ങൾ എന്നിവ ഉൾപ്പെടെ പൊതുജനത്തിന് ആവശ്യമായതെല്ലാം മറാഫിയിലുണ്ടാവും.
മാത്രമല്ല, മറാഫിയ്ക്കും ചെങ്കടലിനും ഇടയിലായി 11 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു കൃത്രിമ വാട്ടർ കനാലും നിർമിക്കുന്നുണ്ട്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി മറാഫി നഗരത്തെ നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടുള്ള വാട്ടർ ടാക്സി, ഫെറി സർവിസ് എന്നീ സേവനങ്ങളും കനാലിലൂടെ ആരംഭിക്കും. കൂടാതെ മറാഫിയോട് ചേർന്നുള്ള കടൽത്തീരത്ത് അതുല്യമായ വിനോദ സഞ്ചാരനുഭവങ്ങളും ഒരുക്കുന്നുണ്ട്.
മറാഫി പദ്ധതി റിയൽ എസ്റ്റേറ്റ് വികസനത്തിന് പുതിയ മാനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മറാഫി സംഭാവന നൽകുകയും ചെയ്യും. മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ സൗദിയിൽ നിന്ന് ഉൾപ്പെടാൻ ആഗ്രഹിക്കുന്ന മൂന്ന് നഗരങ്ങളിലൊന്നായി മാറണം എന്ന ലക്ഷ്യത്തോടും കൂടിയാണ് മറാഫിയുടെ നിർമാണത്തിന് തറക്കല്ലിട്ടിരിക്കുന്നത്.