ഈദ് രാവുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ആകാശത്ത് വർണ്ണങ്ങൾ വിതറാൻ പടക്കങ്ങൾ നിർമ്മിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തിനുള്ളിൽ പടക്കങ്ങൾ നിർമിക്കുകയോ വ്യാപാരം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പുകൾ പാലിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഈദുൽ ഫിത്ർ ആഘോഷങ്ങൾ വരാനിരിക്കെയാണ് ഈ മുന്നറിയിപ്പ്. പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കൽ വ്യാപകമാകുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ എല്ലാ വർഷവും നിരവധി അപകടങ്ങളാണ് ഇത് മൂലം സംഭവിക്കുന്നത്. പടക്കം നിർമിക്കുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ തടവു ശിക്ഷയും സാമ്പത്തിക പിഴയും ഈടാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയായി നൽകുക. സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ എന്നിവക്കുവേണ്ട പെർമിറ്റ് ഇല്ലാതെ അവ ഉണ്ടാക്കുകയോ കൈവശം വെക്കുകയോ ചെയ്യാൻ പാടില്ല. കൂടാതെ കയറ്റുമതി ചെയ്യുക, ഇറക്കുമതി ചെയ്യുക, നിർമിക്കാൻ പരിശീലിപ്പിക്കുക, വിൽക്കുക, ഉപയോഗിക്കുക, കൊണ്ടുപോകുക, സംഭരിക്കുക, എന്നിവയെല്ലാം നിരോധിക്കപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.